തൃശൂർ: അപരവിദ്വേഷത്തിന്റെ വെറുപ്പ് പരത്തി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഈ വർഗീയ വാദികളെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും ടി.എൻ.പ്രതാപൻ എം.പി പറഞ്ഞു.
പാലയൂർ, പുത്തൻപള്ളി എന്നീ ക്രൈസ്തവ ദേവാലങ്ങളുടെ മേലുള്ള അവകാശവാദത്തിന് പിന്നിൽ ചരിത്രവും വസ്തുതയും അറിയാത്തവരാണെന്നും അദ്ദേഹം പ്രതികരിച്ചു. വർഗിയ ചേരിതിരിവുകൾ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നവരാണ് ദേവാലയങ്ങൾക്ക് നേരേ ഭീഷണിയുമായി വന്നിരിക്കുന്നതെന്നും ഇത്തരക്കാരെ തൃശൂരിൽ മാത്രമല്ല കേരളത്തിന്റെ നാല് അതിർത്തി തന്നെ കടക്കാൻ അനുവദിക്കില്ലെന്നും പ്രതാപൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിലാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവാണ് പാലയൂർ ചർച്ച് ശിവക്ഷേത്രമായിരുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. മാത്രമല്ല, മലയാറ്റൂർ പള്ളിയും ആർത്തുങ്കൽ പള്ളിയും ക്ഷേത്രമായിരുന്നെന്ന് സ്ഥാപിക്കാൻ ചർച്ചയിൽ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് പരാമർശം വിവാദമായതോടെ മലക്കംമറിഞ്ഞ് ഫെയ്സ്ബുക്കിൽ ‘ക്രൈസ്തവ സ്നേഹം’ പ്രകടിപ്പിക്കുയും ചെയ്തു. ഇതിന് മുൻപാണ് തൃശൂർ വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തൻപള്ളിയും കോളജും നിൽക്കുന്നതെന്നും അടുത്ത കാലങ്ങളിൽ അത് തിരിച്ചുപിടിക്കുമെന്ന് ബി.ജെ.പി നേതാവായ അഡ്വക്കേറ്റ് കൃഷ്ണരാജും അവകാശവാദമുന്നിയിച്ചത്.