ഭുവനേശ്വർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഒഡീഷയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തിയതിനെ തുടർന്ന് സ്ഥാനാർത്ഥിയാകാനായുള്ള ആളുകളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ഇതുവരെ 3100-ലധികം സ്ഥാനാർത്ഥികളാണ് കോൺഗ്രസ് ടിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. 2019നെ അപേക്ഷിച്ച് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രതിപക്ഷമായ ബിജെപിയും ബിജെഡിയും കോൺഗ്രസിനെ എഴുതിത്തള്ളുന്നത് തുടരുന്നുണ്ടെങ്കിലും കോൺഗ്രസ് ടിക്കറ്റിന് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
രാജ്യസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി അശ്വിനി വൈഷ്ണവിനെ പിന്തുണക്കാന്‍ ബിജെഡി തീരുമാനിച്ചു. ഇതോടെ ബിജെപിയും ബിജെഡിയും സഖ്യത്തിലാണെന്ന വാദമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ബിജെപിയല്ല യഥാര്‍ത്ഥ പ്രതിപക്ഷമെന്നും കോണ്‍ഗ്രസാണെന്നും അവര്‍ ഉയര്‍ത്തുന്നു.
ബിജെഡിയും ബിജെപിയും കൈകോർത്തത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് മനോരഞ്ജൻ ദാഷ് പറഞ്ഞു. ബിജെഡി രാജ്യസഭാസീറ്റ് ബിജെപിക്ക് നൽകിയതിന്റെ ഭവിഷ്യത്ത് കാണാനുണ്ട്. ബിജെഡിക്കും ബിജെപിക്കും ബദലായി കോൺഗ്രസ് ഉയർന്നുവന്നിട്ടുണ്ട്. ബിജെഡി തങ്ങളുടെ രാജ്യസഭാ സീറ്റ് ബിജെപിക്ക് ത്യജിച്ച രീതിക്ക് അതിൻ്റെ സ്വാധീനമുണ്ടെന്ന് മനോരഞ്ജൻ ദാഷ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഉണ്ടാക്കിയ സ്വാധീനത്തിന്റെ ഫലമാണ് പാർട്ടിയുടെ ടിക്കറ്റിനായി കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള കടുത്ത ആവേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ 147 നിയമസഭാ സീറ്റുകളിലേക്ക് 435 പേരും 21 ലോക്സഭാ സീറ്റുകളിലേക്ക് 70 സ്ഥാനാർത്ഥികളും അപേക്ഷിച്ചിരുന്നു. ഈ വർഷം147 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ എണ്ണം 2,500ൽ എത്തി, ലോക്‌സഭയിലേക്ക് ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം ഈ വർഷം 670 ആണ്. 2000 മുതൽ സംസ്ഥാനത്ത് അധികാരത്തിന് പുറത്തായ കോൺഗ്രസിന് നിലവിൽ ഒമ്പത് എംഎൽഎമാരും ഒരു എംപിയുമാണ് ഉള്ളത്. 2019 വരെ പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസ് 2019ൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.