വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ വയനാട്ടുകാരുടെ രോഷം അണപൊട്ടിയൊഴുകുകയാണ്. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ ജനരോഷം ഇരമ്പി. ഇതോടെ, സ്ഥലം എം.പി രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്താൻ സാധ്യത. പുതിയ സാഹചര്യത്തിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് എത്തുന്നത്.
നിലവിൽ, വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തിനിൽക്കുന്നത്. ഇന്ന് വൈകീട്ട് വരാണസിയിൽ യാത്ര നിർത്തിവച്ച ശേഷമാകും രാഹുൽ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയ്റാം രമേശ് അറിയിച്ചു. ഞായറാഴ്ച ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി മൂന്ന് മണിക്ക് പ്രയാഗ്‌രാജിലേക്ക് രാഹുൽ തിരിച്ചെത്താനാണിപ്പോൾ തീരുമാനം.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചറുടെ മൃതദേഹവുമായുള്ള പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായതിന് പിന്നാലെ പുതുപ്പള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ, വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. അതിൽ അഞ്ചുലക്ഷം രൂപ ഇന്ന് കൈമാറും. പോളിെൻറ ഭാര്യക്ക് താൽകാലിക ജോലി നൽകാനും മകളുടെ തുടർപഠനം ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചു.
കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ ഇന്നലെ രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനിൽ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.