കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റേത് ക്രൂരമായ സമീപനമാണെന്ന് താമരശേരി രൂപത. സര്‍ക്കാരിനെതിരെ രൂപത സര്‍ക്കുലര്‍ പുറത്തിറക്കി. രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ നാളെ പ്രതിഷേധ ജ്വാല പരിപാടി നടക്കും.
സര്‍ക്കാരിന്റേത് ക്രൂരമായ സമീപനമാണ്. വനംവകുപ്പിന്റെ നിഷ്‌ക്രിയത്വവും അനാസ്ഥയും മൂലം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഹൃസ്വ-ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിയില്ല. ജന്മാവകാശത്തെ ഇല്ലാതാക്കുന്നുവെന്നും രൂപത സര്‍ക്കുലറിലൂടെ ആരോപിച്ചു.
കര്‍ഷക കോണ്‍ഗ്രസിന്റെയും ഇന്‍ഫാമിന്റെയും നേതൃത്വത്തിലും നാളെ പ്രതിഷേധം നടക്കും. പോളിന്റെ മരണത്തോടെ വയനാട്ടില്‍ ശക്തമായ ജനരോഷം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അനുനയ ശ്രമങ്ങള്‍ക്കൊടുവിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതില്‍ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.