കൽപറ്റ: ജില്ലയുമായി വനാതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തമിഴ്നാട്- കർണാട അധികൃതരുമായി ചർച്ച നടത്തിയതായി രാഹുൽ ഗാന്ധി എം.പി. ഔദ്യോഗിക തലത്തിൽ അന്തർ സംസ്ഥാന സർക്കാറിന് കത്ത് നൽകാനും ജില്ല കലക്ടർക്ക് രാഹുൽ ഗാന്ധി നിർദേശം നൽകി.
ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് തോൽപ്പെട്ടി, പുളിഞ്ഞാൽ എന്നിവിടങ്ങളിൽ കാട്ടാനാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട ശേഷം കൽപറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം ഒരു മാസത്തിനകം തന്നെ നൽകാൻ റവന്യൂ – വനം വകുപ്പുകൾ ഇടപെടൽ നടത്തണമെന്നും രാഹുൽ പറഞ്ഞു.
മാനന്തവാടി ഗവ മെഡിക്കൽ കോളജിൽ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ചികിത്സക്ക് എത്തുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാനും അധികൃതർക്ക് എം.പി നിർദേശം നൽകി.
എം.പിയുടെ അധ്യക്ഷതയിൽ കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എ മാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, ജില്ലാൃ കലക്ടർ ഡോ. രേണുരാജ്, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കലക്ടർ മിസൽ സാഗർ ഭരത്, എ.ഡി.എം കെ. ദേവകി, സൗത്ത് ഡി.എഫ്.ഒ ഷജ്ന കരീം, നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.