Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കം; ലോക്സഭ തെരഞ്ഞെടുപ്പ് ഏറെ നിർണായകമെന്ന് ശശി തരൂർ

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കം; ലോക്സഭ തെരഞ്ഞെടുപ്പ് ഏറെ നിർണായകമെന്ന് ശശി തരൂർ

ജിദ്ദ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മതേതര, ജനാധിപത്യ വിശ്വാസികൾക്ക് ഏറെ നിർണായകമാണെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ. ജിദ്ദയിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഡോ. ശശി തരൂർ എം.പിക്കൊപ്പം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന അവസരത്തിൽ ഇന്ത്യയുടെ ദേശീയത മതമാണോ എന്ന ചോദ്യം ഉയർന്നിരുന്നു. മതമാവണമെന്ന് വാദിച്ചവർ പാക്കിസ്ഥാൻ എന്ന പുതിയ രാജ്യം രൂപീകരിച്ചു. സ്വതന്ത്ര പരമാധികാര, മതേതര രാജ്യമായി രാജ്യം നിലനിൽക്കണമെന്ന് വാദിച്ചവർ ഇന്ത്യയിൽ തുടർന്നു. എന്നാൽ അതെ ഇന്ത്യയെ ഇപ്പോൾ ബി.ജെ.പി മറ്റൊരു മതരാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 400 സീറ്റ് ലഭിക്കുമെന്ന അവരുടെ അവകാശവാദം പൊള്ളയാണ്.

കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അവർക്ക് സീറ്റ് കുറയാനാണ് സാധ്യത എന്ന് കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു. വർധിച്ച തൊഴിലില്ലായ്മയും, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ക്രയശേഷിക്കുറവും, അസന്തുഷ്ടിയും പരിഹരിക്കാൻ പുരോഗമനാത്മക രാഷ്ട്രനിർമ്മാണത്തിന് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത് കോൺഗ്രസിൻ്റെ തിരിച്ചുവരവാണ്.

ഗുജറാത്തൊഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിന് സീറ്റ് കൂടുതൽ കിട്ടാനാണ് സാധ്യത. തെലങ്കാനയിൽ കോൺഗ്രസ് നേടിയ വിജയം മതേതര ജനാധിപത്യ ചേരിക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്തെ മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ വേണ്ടി ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങി ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കണമെന്നും ശശി തരൂർ പറഞ്ഞു. ഒരു പ്രാവശ്യം കൂടി ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സന്നദ്ധനാണെന്നും എന്നാൽ തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത സ്ഥാനാർഥിത്വം നടത്താൻ താൻ മുതിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷമീർ നദ് വി കുറ്റിച്ചൽ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തേക്ക് ജിദ്ദയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസിൻ്റെ ആവശ്യം അദ്ദേഹം മണ്ഡലം എം.പിയോട് അഭ്യർത്ഥിച്ചു. ഒ.ഐ.സി.സി വെസ്റ്റേൻ റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി ജില്ലാ പ്രസിഡന്റുമാർ, മക്ക കമ്മിറ്റി ഭാരവാഹികൾ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി എന്നിവർ ശശി തരൂർ എം.പിയെ ഷാളണിയിച്ചു.

നസീർ വാവാക്കുഞ്ഞിൻ്റെ നേതൃത്വത്തിൽ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ജിദ്ദയിൽ ഗുരുതരമായി ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന രോഗിയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി എം.പിയുടെ ഇടപെടലുകൾക്കായി നിവേദനം സമർപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ പ്രശംസാ ഫലകം നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കർ മണക്കാട്ട് സ്വാഗതവും ട്രഷറർ വിവേക് പിള്ള നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ഫിനോം അക്കാദമിയുടെ കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികൾ, മിർസ ശരീഫ്, മുംതാസ് അബ്ദുറഹ്മാൻ, നുജുമുദ്ദീൻ എന്നിവരുടെ ഗാനസന്ധ്യ എന്നിവ അരങ്ങേറി. നജീബ് വെഞ്ഞാറമ്മൂട് അവതാരകനായിരുന്നു. ഷരീഫ് പള്ളിപ്പുറം, തരുൺ രത്നാകരൻ, മൗഷ്മി ഷരീഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു. തിരുവനന്തപുരം ജില്ല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ല, ഏരിയ കമ്മിറ്റി വളന്റിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com