കൊച്ചി: ജനവാസ മേഖലകളിൽപോലും ദിനംപ്രതി വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുകയും സുരക്ഷിതത്വബോധം പൂർണമായും നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക നിസ്സാരവത്കരിക്കരുതെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വർഷത്തിനിടെ 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകൾ പ്രകാരം ഇക്കാലയളവിൽ നഷ്ടപ്പെട്ട മനുഷ്യജീവനുകൾ 910 ആണ്. വർഷങ്ങൾ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വർധിക്കുന്നു. രണ്ടാഴ്ചക്കിടെ മൂന്നുപേരുടെ ജീവൻ വയനാട്ടിൽ നഷ്ടപ്പെട്ടു.
ഈ ഘട്ടത്തിൽ തികഞ്ഞ ഗൗരവത്തോടെ പ്രായോഗികവും സത്വരവുമായ ഇടപെടലുകൾ നടത്താൻ സംസ്ഥാന-കേന്ദ്ര സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന കുടുംബങ്ങളോടുള്ള അനുശോചനവും കെ.സി.ബി.സി പ്രസിഡന്റ്, സെക്രട്ടറിമാരായ പോളി കണ്ണൂക്കാടൻ, ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവർ അറിയിച്ചു.