തിരുവനന്തപുരം: സർക്കാർ അവഗണനക്കെതിരെ സെക്രട്ടേറിയറ്റ് നടയിൽ പകുതി മീശയെടുത്ത് സി.പി.ഒ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ. നിയമനമാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിട്ടിട്ടും സർക്കാർ ചർച്ചക്ക് തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ സമരം ശക്തമാക്കിയത്.
സമരഗേറ്റിനുസമീപം റോഡിൽ നിരന്നിരുന്ന് എട്ടുപേർ പകുതി മീശയെടുത്തു. കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്തും ശവമഞ്ചം ചുമന്ന് പ്രതീകാത്മക ശവസംസ്കാരം നടത്തിയും റോഡിൽ നിരത്തിയ കല്ലുപ്പിനു മീതെ മുട്ടുകുത്തിയിരുന്നും പുല്ലുതിന്നും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ആക്ഷേപത്തോടുകൂടിയുള്ള മറുപടിയാണ് ലഭിക്കുന്നതെന്നും ഒഴിവുകളുണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.
ഒരു വർഷം മാത്രം കാലാവധിയുള്ള സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക നിലവിൽ വന്ന് 10 മാസം പിന്നിടുമ്പോഴും 26 ശതമാനം പേർക്ക് മാത്രമാണ് നിയമനം നൽകിയത്. റാങ്ക് പട്ടികക്ക് 50 ദിവസം കൂടിയേ ഇനി കാലാവധിയുള്ളൂ.