ലഖ്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ് വാദി പാർട്ടി മേധാവിയും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പങ്കെടുത്തു. ആഗ്രയിലെ പര്യടനത്തിൽ രാഹുലിനും പ്രിയങ്കക്കുമൊപ്പമാണ് അഖിലേഷ് അണിചേർന്നത്. ഇരുകക്ഷികളും തമ്മിൽ തർക്കം നിലനിന്നിരുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ അഖിലേഷ് യാദവിന്‍റെ ന്യായ് യാത്ര പങ്കാളിത്തത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. പ്രബല കക്ഷികൾ രമ്യതയിലെത്തിയത് ഇൻഡ്യ മുന്നണിക്കും നിർണായകമായി.
ന്യായ് യാത്രയുടെ യു.പിയിലെ അവസാന ദിനമായ ഇന്ന് താൻ പങ്കെടുക്കുമെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു. എസ്.പിയുടെ നിരവധി പ്രവർത്തകർ യാത്രയിൽ അണിചേരാൻ ആഗ്രയിലേക്ക് പുറപ്പെട്ടിരുന്നു. വൈകീട്ടോടെയാണ് അഖിലേഷ് യാദവും യാത്രയുടെ ഭാഗമായത്. അദ്ദേഹം ജാഥയെ അഭിസംബോധന ചെയ്തു.
യു.പിയിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും എസ്.പിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പറഞ്ഞുതീർത്ത പശ്ചാത്തലത്തിലാണ് അഖിലേഷ് രാഹുലിന്‍റെ യാത്രയിൽ പങ്കെടുത്തത്. സീറ്റ് വിഭജനം പൂർത്തിയായ ശേഷമേ ജോഡോ യാത്രയിൽ പങ്കെടുക്കൂവെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ നിലപാട്. ന്യായ് യാത്ര അമേത്തിയിലും റായ് ബറേലിയും എത്തിയപ്പോൾ അഖിലേഷ് വിട്ടുനിന്നിരുന്നു. ഇതോടെ സഖ്യ ചർച്ചകൾ വഴിമുട്ടിയെന്ന പ്രചാരണവുമുയർന്നു.
എന്നാൽ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷുമായി നടത്തിയ ചർച്ചയിലാണ് ഇരുകക്ഷികൾക്കുമിടയിലെ മഞ്ഞുരുകിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ കോൺഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുൽ ഗാന്ധിയുമായി പ്രശ്നങ്ങളില്ലെന്നും ഇതിന് പിന്നാലെ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കുകയും ചെയ്തു. യു.പിയിൽ 63 സീറ്റിൽ എസ്.പിയും 17 സീറ്റിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണയായത്.
ഇന്ന് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നവയിൽ മഥുര, ഫത്തേപൂർ സിക്രി എന്നിവയിൽ കോൺഗ്രസ് മത്സരിക്കാനാണ് ധാരണ. ആഗ്ര, ഹാഥ്റസ്, എറ്റാ, അലിഗഢ് എന്നിവയിൽ എസ്.പിയും മത്സരിക്കും.