തൃശൂർ: ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂർ അതിരൂപത. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും ന്യൂനപക്ഷക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെയും സഭ വിമര്‍ശിച്ചു. 20 ശതമാനത്തിലേറെ ക്രൈസ്തവ വോട്ടുകളുള്ള തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സമ്മർദ്ദ ശക്തിയാവാനാണ് സിറോ മലബാർ സഭ തൃശൂർ അതി രൂപതയുടെ നീക്കം.
മതേതര ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്ന സഭ മണിപ്പൂർ ഉൾപ്പെടെയുള്ള സംഘർഷങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ക്രൈസ്തവരെ അടിച്ചതെന്ന് സമുദായ സമ്മേളനം ചോദിക്കുമെന്ന് അതിരൂപതാ ആര്‍ച്ച് ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി നിയമിച്ച ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും അത് പ്രസിദ്ധീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് സഭ കുറ്റപ്പെടുത്തുന്നു.
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജന സംഖ്യാ അനുപാതത്തില്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ സഭ അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്തു. തൃശൂരില്‍ തുടങ്ങിയ ജാഗ്രതാ സമ്മേളനം മറ്റ് രൂപതകളിലേക്കും സമ്മര്‍ദ്ദ ശക്തിയായി വളരണെമന്ന ആഹ്വാനവും സമ്മേളനം നല്‍കി.