ആലപ്പുഴ:യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ അരിത ബാബുവിന്‍റെ മൊബൈൽ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം അമരമ്പലം സ്വദേശി ഷമീറിനെ ആണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിൽ ജോലി ചെയ്തു വന്നിരുന്ന പ്രതിയെ ഈ സംഭവത്തെത്തുടർന്ന് ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തില്‍ നേരത്തെ കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തിയാണ് അരിത ബാബു പരാതി നൽകിയത്.വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു. വിദേശത്തുള്ള സുഹൃത്തുക്കൾക്ക് നമ്പർ ഷെയർ ചെയ്തതിനെ തുടർന്ന് ഇയാള്‍ ഖത്തറിൽ ആണെന്ന് കണ്ടെത്തിയിരുന്നു.
സുഹൃത്തുക്കൾ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു.തുടർന്ന് അരിതക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചു കൊടുക്കുകയും ചെയ്തു. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നുമായിരുന്നു അരിതാബാബുവിന്‍റെ പ്രതികരണം.