ദില്ലി: ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന മൂന്ന് ബില്ലുകൾ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബില്ലുകൾ ലോക്സഭ പരിഗണിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ ബില്ലുകളാണ് പാസായത്. ഐപിസി സിആർപിസി, ഇന്ത്യൻ തെളിവുനിയമം എന്നീ നിയമങ്ങളിലാണ് മാറ്റം വന്നത്. ഭേദഗതി പ്രകാരം ആൾക്കൂട്ട ആക്രമണത്തിന് ഇനി വധശിക്ഷ നൽകുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.
കഴിഞ്ഞ സമ്മേളനത്തിൽ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ബില്ലുകളാണ് ലോക്സഭ പരിഗണനയ്ക്കെടുത്തത്. സർക്കാരിനെതിരായ കുറ്റകൃത്യം എന്നതില്‍ നിന്ന് ഇനി രാജ്യത്തിനെതിരായ കുറ്റമായി രാജ്യദ്രോഹം മാറുമെന്ന് അമിത് ഷാ പറഞ്ഞു. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതും നീതി ഉറപ്പാക്കുന്നതുമാകും പുതിയ നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.