Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’; തന്നെ ഒന്നാംപ്രതിയാക്കിയതിനെ പരിഹസിച്ച് വി.ഡി. സതീശൻ

‘ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’; തന്നെ ഒന്നാംപ്രതിയാക്കിയതിനെ പരിഹസിച്ച് വി.ഡി. സതീശൻ

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള പ്രധാന നേതാക്കളെ പ്രതി ചേർത്തതിനെ പരിഹസിച്ച് വി.ഡി. സതീശൻ രം​ഗത്ത്. ഈ സംഭവത്തിൽ ‘ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’ എന്നാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, എം. വിൻസെന്റ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള പ്രമുഖ നേതാക്കൾ. നേതാക്കളടക്കം 30 പേരെ പ്രതി ചേർത്തു. ഇതിനുപുറമേ കണ്ടാലറിയാവുന്ന 300ൽ അധികം പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള ജാമ്യമില്ലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ ആർ ക്യാമ്പിൽ നിന്ന് ചാടിപ്പോയതിന് ഉൾപ്പെടെ 5 കേസെടുത്തിട്ടുണ്ട്.

അതേസമയം, നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്സ് – DYFI പ്രവർത്തകർ‌ തമ്മിൽ കൂട്ടത്തല്ലുണ്ടായി. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിച്ചു. തിരിച്ചും ആക്രമണം ഉണ്ടായി. പൊലീസ് എത്തി നിയന്ത്രിച്ചിട്ടും ഇരു വിഭാ​ഗവും അടി തുടർന്നു. ഏറെ ശ്രമിച്ചിട്ടാണ് പൊലീസ് ഇവരെ പിരിച്ചു വിട്ടത്. പൊലീസിന് മുൻപിലാണ് യൂത്ത്കോൺഗ്രസ്സ് – DYFI പ്രവർത്തകർ പരസ്പരം കൊലവിളി നടത്തിയത്. ഒടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കല്ലമ്പലത്ത് വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പൊലീസും യുവമോർച്ച പ്രവർത്തകരും തമ്മിലും വാക്കേറ്റമുണ്ടായി.

വർക്കലയിലെ നവകേരള സദസ്സ് പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി രം​ഗത്തെത്തി. യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പോലും അവരെ ഭയപ്പെട്ടിട്ടില്ലെന്നും പിന്നെയാണോ ഇപ്പോൾ പേടിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പോകേണ്ടിടത്ത് മുൻപ് പോയിട്ടുള്ളത് സുരക്ഷയില്ലാതെ തന്നെയാണ്. നവകേരള സദസ്സിനെതിരെ പ്രതിപക്ഷം പല ആക്ഷേപങ്ങൾ ഉയർത്തി. 2200 പോലീസുകാരുടെ അകമ്പടിയിൽ ആണ് യാത്രയെന്നാണ് കുറ്റപ്പെടുത്തുന്നത്.

പോകേണ്ടിടത്ത് മുൻപ് പോയിട്ടുള്ളത് സുരക്ഷയില്ലാതെയാണെന്നാണ് പ്രതിപക്ഷ നേതാവിനോട് പറയാനുള്ളത്. സുരക്ഷയില്ലാതെ കമ്മ്യൂണിസ്റ്റ്കാരനായിട്ടാണ് പോയത്. സെക്രട്ടറിയേറ്റിന് മുന്നിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ നാണമുണ്ടോ മുഖ്യമന്ത്രിക്ക് എന്ന് ചോദിച്ചു.
എന്ത് കാര്യത്തിനാണ് താൻ നാണിക്കേണ്ടതെന്ന് പ്രതിപക്ഷനേതവ് വ്യക്തമാക്കണം. യൂത്ത് കോൺഗ്രസിനെ പേടിച്ചിട്ടാണ് അകമ്പടിയോടു കൂടി പോകുന്നതെന്നാണ് ആരോപണം. അതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പോലും അവരെ ഭയപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതുകൊണ്ട് കോൺഗ്രസ് വല്ലാതെ മേനി നടിക്കേണ്ടതില്ല. എനിക്ക് ക്രിമിനൽ മനസ്സാണെന്നാണ് സതീശൻ പറയുന്നത്. അത് നിങ്ങളല്ല ജനങ്ങളാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടിയുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. നടയറയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സദസ്സ് നടക്കുന്ന വേദിക്കു അഞ്ഞൂറ് മീറ്റർ അകലെയാണ് കരിങ്കൊടി കാണിച്ചത്.

നേരത്തേ, യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പ്രവർത്തകർക്കെതിരെ കേസ് എടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേർത്ത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെ പൊലീസ് നേരിട്ടത് സിപിഐഎം ഗുണ്ടകളെപ്പോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. സമരത്തിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ എസ്.ഐ വലിച്ചുകീറി. ഒരു സ്ത്രീയെ കൈകാര്യം ചെയ്യാൻ പുരുഷ പൊലീസുകാർക്ക് ആരാണ് അധികാരം കൊടുത്തത്?.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ തലയ്ക്കടിച്ചു. പരിക്കേറ്റ വനിതാ പ്രവർത്തകരെ തടഞ്ഞുവെച്ചു. ഗവർണർക്കെതിരെ സമരം നടത്തുന്ന എസ്.എഫ്.ഐക്കാരെ സ്വന്തം മക്കളെപ്പോലെ താലോലിച്ച് കൊണ്ടുപോയ അതേ പൊലീസുകാരാണ് സെക്രട്ടറിയേറ്റിന് മുൻപിലും തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുൻപിലും ‘ഷോ’ കാണിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതേസമയം, കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന പുകഴ്ത്തലുമായി മന്ത്രി വി.എൻ വാസവൻ രം​ഗത്തെത്തി. മുഖ്യമന്ത്രിയെ തൊടാൻ ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോൺഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐഎം മുഖ്യമന്ത്രിക്ക് കവചം തീർക്കും. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോൺഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാൻ ഏതെങ്കിലും യൂത്ത് കോൺഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments