തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. കെ സുധാകരനാണ് ഒന്നാംപ്രതി. വി ഡി സതീശന്‍, ശശി തരൂര്‍ അടക്കമുള്ളവരും പ്രതികളാണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രസംഗിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയില്‍ നിന്നുമുള്ള വെള്ളം നേതാക്കള്‍ ഇരുന്ന വേദിവരെയെത്തി. വേദിയിലുണ്ടായിരുന്ന കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ നനഞ്ഞ് കുതിര്‍ന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നേതാക്കള്‍ക്ക് ഉള്‍പ്പെടെ ശ്വാസംമുട്ടല്‍ ഉണ്ടായി. അപ്രതീക്ഷിതമായി കണ്ണീര്‍വാതകം ഉപയോഗിച്ചുകൊണ്ട് പൊലീസ് കാണിച്ചത് ക്രൂരതയാണെന്നും സംഭവിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷത്തെ നേതാക്കള്‍ പ്രതികരിച്ചു.
പൊലീസ് അതിക്രമത്തിനെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് സുധാകരന്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള പൊലീസ് ലോക്‌സഭാ അംഗമെന്ന നിലയിലുള്ള തന്റെയും സഹപ്രവര്‍ത്തകരായ മറ്റ് ലോക്‌സഭാ അംഗങ്ങളുടെയും അവകാശത്തെ ലംഘിച്ചുവെന്നും കരുതിക്കൂട്ടി അപമാനിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണമാണ് പൊലീസ് നടപടിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.