പത്രപ്രവർത്തകൻ എൻ. രാമചന്ദ്രന്റെ സ്മരണാർത്ഥം രൂപീകരിച്ച എൻ രാമചന്ദ്രൻ ഫൗണ്ടേഷന്റെ പൊതുപ്രവർത്തനത്തിനുള്ള ദേശീയ അവാർഡിന് ഡോ. ശശി തരൂർ എം.പി. അർഹനായി. ഒരുലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ജനുവരി എട്ടിന് വൈകുന്നേരം അഞ്ചുമണിക്ക് മാസ്കററ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മയും സെക്രട്ടറി പി.പി.ജെയിംസും അറിയിച്ചു.
പ്രശസ്ത സരോദ് സംഗീതജ്ഞൻ പദ്മവിഭൂഷൻ അംജദ് അലി ഖാൻ മുഖ്യാതിഥിയായിരിക്കും. ഡോ. ശശി തരൂർ എൻ.രാമചന്ദ്രൻ സ്മാരക പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റും കേരള കൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി, വൈസ് പ്രസിഡന്റ് ബാബു ദിവാകരൻ, ജോയിന്റ് സെക്രട്ടറി എസ്. മഹാദേവൻ തമ്പി എക്സി.അംഗം സി.ബി. ഷാജി, ട്രഷറർ പി.ആർ.ലക്ഷ്മീദേവി, ലേഖ മോഹൻ എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.
സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദി ഹിന്ദുവിന്റെ മുൻ എഡിറ്റർ എൻ.റാം, എം.കെ.സാനു പരിസ്ഥിതി പ്രവർത്തക മേധാ പട്കർ, മുൻ ദേശീയ ഫുട്ബോൾ താരം ഐ. എം.വിജയൻ, ഇന്ത്യാ ടുഡേ കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായ് എന്നിവരാണ് നേരത്തേ എൻ. രാമചന്ദ്രൻ അവാർഡിന് അർഹരായിട്ടുള്ളത്.