ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്ന് ആരംഭിക്കും. സംസ്ഥാന കോണ്‍ഗ്രസിന്റെ ഈ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇംഫാലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് സംസ്ഥാന ഭരണകൂടം അനുമതി നല്‍കാതിരുന്നതോടെയാണ് പുതിയ വേദി തിരഞ്ഞെടുക്കേണ്ടി വന്നത്.
തൗബാലില്‍ ചുരുക്കം ആളുകളെ ഉള്‍ക്കൊള്ളിച്ച് ഉദ്ഘാടനം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എത്ര ആളുകള്‍ പങ്കെടുക്കുന്നു എന്നും അവരുടെ പേരും മുന്‍കൂട്ടി അറിയിക്കണം. മുഖ്യമന്ത്രിയുടെ പരിപാടി പാലസ് ഗ്രൗണ്ടില്‍ അന്നേ ദിവസം ഉണ്ടെന്നും മറുപടിയില്‍ പറയുന്നു.
രാഷ്ട്രീയ കാരണം കൊണ്ട് മാത്രമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രയെ എതിര്‍ക്കുന്നത് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. അനുമതി നിഷേധിച്ചാലും പരിപാടി ഇംഫാലില്‍ നിന്ന് മാറ്റില്ല എന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോണ്‍ഗ്രസ് അറിയിച്ചു.
ഞായറാഴ്ച ആരംഭിക്കുന്ന യാത്ര 66 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോകുന്ന യാത്ര ഏറ്റവും കൂടുതല്‍ ദിവസം പര്യടനം നടക്കുക ഉത്തര്‍പ്രദേശിലായിരിക്കും.