തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലും പൊലീസ് നടപടികളിലും പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച് നടത്തി. വിടി ബൽറാം, അബിൻ വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. തീപ്പന്തങ്ങളുമായി പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ക്ലിഫ് ഹൗസ് റോഡിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
പ്രവര്‍ത്തകര്‍ പൊലീസിന് നേരെ വടികൾ എറിഞ്ഞു. സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫ്ലക്സുകൾ അടക്കം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസ് പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. വേണ്ടിവന്നാൽ ക്ലിഫ് ഹൗസ് ചോരകളമാക്കാനും മടിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പ്രസംഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി കേരളത്തെ കലാപകേന്ദ്രം ആക്കാനുള്ള ആസൂത്രണ നീക്കം നടത്തുന്നുവെന്ന് വിടി ബൽറാം വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് ഇരട്ട ചങ്ക് ഉണ്ടെന്നാണ് പറയുന്നത്, എന്നാൽ നമ്പർ വൺ പേടിതൊണ്ടനാണ് മുഖ്യമന്ത്രി. എംവി ഗോവിന്ദൻ യാതൊരു നിലവാരവും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ്. ഠ വട്ടത്തിലുള്ള സിപിഎം നേതാക്കൾ വല്ലാതെ നെഗളിക്കേണ്ടെന്നും ബൽറാം പറഞ്ഞു.