ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം യുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കെ ഇറാനിലുണ്ടായ ഭൂകമ്പം സംശയമുനയിലെന്ന് റിപ്പോർട്ട്. ഒക്ടോബർ 5നാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10:45ന് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് ഉണ്ടായത്. ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണോ ഈ ഭൂകമ്പം എന്നതാണ് ആശങ്കയാകുന്നത്. എന്നാൽ, ആണവ ശേഷി പരീക്ഷിക്കുന്നതിന് ഒരു രാജ്യം ഉടനടി പ്രവർത്തനക്ഷമമായ ആണവായുധം സ്വന്തമാക്കുമെന്ന് അർത്ഥമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
12 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സിനെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. ഇതിന് മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്.