ന്യൂഡൽഹി: ഇന്ധന വില കുറക്കുന്ന കാര്യത്തിൽ തനിക്ക് ഉറപ്പുനൽകാനാവില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ക്രൂഡ് ഓയിലിന്റെ അന്താരാഷ്‌ട്ര വില സ്ഥിരമായി തുടരുകയും കമ്പനികൾക്ക് അടുത്ത പാദത്തിൽ നല്ല വരുമാനം ലഭിക്കുകയും ചെയ്‌താൽ പെട്രോൾ, ഡീസൽ വില കുറക്കുന്ന കാര്യം എണ്ണക്കമ്പനികൾക്ക് പരിശോധിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ഏപ്രിലിനുശേഷം എണ്ണവില വർധപ്പിക്കില്ലെന്ന് നരേന്ദ്രമോദി സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ പ്രതികരണമാണ് മന്ത്രി നടത്തിയത്. വിദേശ സന്ദർശനങ്ങളിൽ രാഷ്ട്രീയ വിശ്വാസമില്ലാതെ നുണ പറയുകയാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു.
വിദേശ സന്ദർശനങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പറയുന്ന രാഹുൽ 1983ലെ നെല്ലി മുസ്‍ലിം കൂട്ടക്കൊലയും 1984ലെ സിഖ് കൂട്ടക്കൊലയും കോൺഗ്രസ് ഭരണകാലത്ത് സംഭവിച്ചതാണെന്ന് മറക്കരുതെന്നും പുരി ഓർമിപ്പിച്ചു. രാഹുൽ ഗാന്ധി കാഴ്ചശക്തി പരിശോധിക്കണമെന്നും തെറ്റായ കണ്ണടയാണ് ധരിച്ചിരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു. സൗജന്യമായി എല്ലാം ലഭിക്കാൻ ഒരാൾ ആഗ്രഹിച്ചേക്കാം. എന്നാൽ, പിന്നീടത് സൗജന്യ രാഷ്ട്രീയത്തിന്റെ അപകടകരമായ ഇടത്തിലേക്ക് കടക്കുമെന്നും പ്രതിപക്ഷം റൗഡി രാഷ്ട്രീയം കളിക്കുകയാണെന്നും പുരി പറഞ്ഞു. ജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ ഒമ്പത് വർഷത്തെ ഭരണകാലത്ത് നിരവധി ക്ഷേമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.