യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിർത്താനായി. തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു.
അതുകൊണ്ടാണ് കൂടുതൽ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെയുള്ള താക്കീതായി കണക്കാക്കുന്നില്ല. വോട്ട് കുറഞ്ഞത് പരിശോധിക്കും. പതിമൂന്നാമത്തെ ഉമ്മൻചാണ്ടിയുടെ വിജയം എന്നാണ് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞത്. അതുതന്നെയാണ് സംഭവിച്ചത്. സർക്കാരിനെതിരെയുള്ള വികാരമല്ല എന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സഭയുടെ വോട്ട് കിട്ടിയില്ലേ? എന്ന ചോദ്യത്തിന് ഏതൊക്കെ വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ല, കിട്ടി എന്നൊക്കെ ഇപ്പോൾ പറയാനാവില്ലെന്നും പരിശോധിക്കുമെന്നും അദ്ദേഹം മറുപടി നൽകി.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകരുതെന്ന് സിപിഐഎം നിലപാട് എടുത്തിരുന്നു എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അങ്ങനെ പാർട്ടി ചെയ്തിട്ടുമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിലേക്ക് പാർട്ടി വഴുതി വീണിട്ടുമില്ല. ജാഗ്രതയോടെ പ്രവർത്തിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന.
ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് സിപിഐഎം പരിശോധിക്കും. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പരാജയത്തിന് പിന്നാലെ വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി വി എൻ വാസവൻ രംഗത്തുവന്നിരുന്നു. ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ കോൺഗ്രസിന് വിറ്റെന്നാണ് മന്ത്രി വി എൻ വാസവന്റെ ആരോപണം.
ജനവിധി മാനിക്കുന്നുവെന്ന് വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിൽ ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചു. എൽഡിഎഫ് അടിത്തറ തകർന്നിട്ടില്ല എന്ന് തെളിയിക്കാനായെന്നും വി എൻ വാസവൻ പറഞ്ഞു.