കൊച്ചി: അവയവക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം അന്തർസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ പരിശോധന നടത്തി. കേസിൽ അറസ്റ്റിലായ സാബിത്ത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവയവക്കടത്തുമായി ബന്ധപ്പെട്ട കണ്ണികളും ഇരയാക്കപ്പെട്ടവരും തമിഴ്നാട്ടിൽ അടക്കമുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി ചൂഷണംചെയ്ത് വിദേശത്തേക്കയച്ച് അവയവക്കച്ചവടം നടത്തുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.
ആവശ്യമെങ്കിൽ ബംഗളൂരുവിലും ഹൈദരാബാദിലും പരിശോധന നടത്തും. കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാനപ്പെട്ട കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിലെ വിലയിരുത്തൽ. ഇയാളുടെ കമ്പനിയുടെ മറവിലാണ് അവയവം സ്വീകരിക്കുന്നവരിൽനിന്ന് പണം കൈപറ്റിയിരുന്നതെന്നാണ് കണ്ടെത്തൽ. പിടിയിലായ സജിത്ത് ശ്യാമാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്.
കേസിൽ അറസ്റ്റിലായ സാബിത്ത് നാസറുമായി ഇയാൾ ഒട്ടേറെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. സാബിത്തിനെയും സജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും നീക്കമുണ്ട്. മധു ഇറാനിലാണെന്ന സൂചനയുമുണ്ട്. സാബിത്ത് നാസറിന്റെ നേതൃത്വത്തിലാണ് ആളുകളെ വിദേശത്തേക്ക് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.കൊച്ചിയിൽനിന്ന് ഇറാനിലേക്ക് ഇടക്കിടെ യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായതോടെയാണ് വിശദാന്വേഷണം നടക്കുന്നത്. കേസിൽ ഒരു യുവതിയുടെ പങ്കുകൂടി പൊലീസ് സംശയിക്കുന്നുണ്ട്.