ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരത്തിൽ കണ്ണൂർ, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലും കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്.
മലപ്പുറത്ത് നാലും കണ്ണൂരിൽ മൂന്നു വീടുകളിലാണ് ഇന്നലെ പുലർച്ചെ ഒരേ സമയം പരിശോധന നടന്നത്. മലപ്പുറത്ത് തിരൂർ കൈനിക്കര യാഹു, വേങ്ങര സ്വദേശി ഹംസ, നിറമരുതൂർ സ്വദേശി ഹനീഫ, കുറ്റിപ്പുറം രാങ്ങാട്ടൂർ ജാഫർ എന്നിവരുടെ വീടുകളിലെ പരിശോധനയ്ക്കു ശേഷം ഇവരെ തിരൂർ ഡിവൈഎസ്പി ഓഫിസിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പരിശോധന നടത്തേണ്ട വീടുകൾ കേരള പൊലീസിന്റെ സഹായത്തോടെ ദിവസങ്ങളായി എൻഐഎ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
കണ്ണൂർ സിറ്റി അത്തറക്കപ്പള്ളിക്കടുത്ത സൈനബാസിൽ മുഷ്‌താഖ്, ജന്നത്ത് നഗറിൽ സഫ്‌വിയ മൻസിലിൽ ടി.റഷീദ്, പള്ളിപ്രം ടൗൺ ഫാത്തിമ മൻസിലിൽ മഹമ്മദ് റാസിക്ക് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മുഹമ്മദ് റാസിക്ക് എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസിൽ ആറാം പ്രതിയാണ്. കൊല്ലം ശാസ്താംകോട്ട പോരുവഴി കമ്പലടി നാലുതുണ്ടിൽ ഷിബുവിനെ (36) എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തു. ഷിബു പിഎഫ്ഐ ജില്ലാ മുൻ ഭാരവാഹിയാണെന്നാണ് സൂചന. പിഎഫ്ഐ പ്രവർത്തകന്റെ കൊല്ലം തേവലക്കരയിലെ വീട്ടിലും പരിശോധന നടത്തി.