ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ, ഖലിസ്ഥാൻ ഭീകരവേട്ട ശക്തമാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഖ്ബീർ സിങ് ലാൻഡ, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഹർവീന്ദർ സിങ് റിൻഡ എന്നിവരുൾപ്പെടെ അഞ്ച് ബബ്ബർ ഖൽസ ഇന്റർനാഷനൽ (ബികെഐ) എന്ന നിരോധിത ഖലിസ്ഥാൻ സംഘടനയിലെ ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതവും, മറ്റു ബികെഐ ഭീകരരായ പർമീന്ദർ സിങ് കൈര എന്ന പട്ടു, സത്‌നാം സിങ് എന്ന സത്ബീർ സിങ്, യദ്വീന്ദർ സിങ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ സമാധാനവും സാമുദായിക സൗഹാർദവും തകർക്കാനും പഞ്ചാബിൽ ഭീകരത പടർത്താനും ലക്ഷ്യമിട്ടുള്ള ബികെഐയുടെ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം റജിസ്റ്റർ ചെയ്ത കേസിലാണ് ഈ അഞ്ച് ഭീകരരെ തിരയുന്നതെന്ന് എൻഐഎ അറിയിച്ചു. ഇവരെ സംബന്ധിച്ച വിവരം ഡൽഹിയിലെ എൻഐഎ ആസ്ഥാനവുമായോ ചണ്ഡീഗഡിലെ എൻഐഎ ബ്രാഞ്ച് ഓഫിസുമായോ പങ്കിടാം. ഇതിനായി ടെലിഫോൺ, വാട്സാപ് നമ്പറുകളും നൽകിയിട്ടുണ്ട്.
ഖലിസ്ഥാൻ ഭീകരസംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന 43 പേരുടെ വിവരങ്ങൾ ബുധനാഴ്ച പുറത്തുവിട്ടിരുന്നു. ലോറൻസ് ബിഷ്ണോയി, ജസ്ദീപ് സിങ്, കല ജതേരി, വിരേന്ദർ പ്രതാപ്, ജോഗീന്ദർ സിങ് എന്നിവരുൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറണമെന്ന് ജനങ്ങളോട് എൻഐഎ ആവശ്യപ്പെട്ടു.