കൊച്ചി: ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയിലെ സുരക്ഷാവീഴ്ചയില്‍ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതോടെ കീഴടങ്ങാന്‍ കോടതി നിര്‍ദേശം.
‘മൃദംഗനാദം’ എന്ന നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്നു വീണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേറ്റിരുന്നു. സംഘാടകര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
ജനുവരി രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ കീഴടങ്ങാനാണ് ജസ്റ്റിസ് പി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ ഉടമ നിഗോഷ് കുമാര്‍, നടത്തിപ്പുകാരായ ഓസ്‌കര്‍ ഇവന്റ്‌സ് പ്രൊപ്രൈറ്റര്‍ പി.എസ്.ജെനീഷ് എന്നിവരാണ് കീഴടങ്ങേണ്ടത്. നേരത്തേ പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകളാണ് ചുമത്തിയതെങ്കിലും പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്തി. തുടര്‍ന്നാണ് കീഴടങ്ങാനുള്ള നിര്‍ദേശം കോടതി നല്‍കിയത്.
അറസ്റ്റിനു സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് ഇടക്കാലാശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
അതേസമയം ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ട്. കണ്ണു തുറക്കുകയും കൈകാലുകള്‍ ചെറുതായി അനക്കുകയും ചെയ്തിട്ടുണ്ട്.