കോട്ടയം: ശശി തരൂരിനെ പുകഴ്ത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശശി തരൂർ പ്രധാനമന്ത്രിയാകാൻ യോഗ്യൻ,പക്ഷെ ഒപ്പമുള്ളവർ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മൻ ചാണ്ടിയെയാണ് ഉയർത്തിക്കാട്ടിയതെങ്കിൽ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. മര്യാദ ഇല്ലാത്തത് ഭാഷയിലാണ് വി ഡി സതീശൻ പലപ്പോഴും സംസാരിക്കുന്നത്. എല്ലാവര്‍ക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.
തരൂര്‍ ഒരു തറവാടി നായരാണ്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം. തരൂര്‍ ഡല്‍ഹി നായരാണെന്ന തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. യുഡിഎഫിന് എപ്പോഴും തുറന്നമനസാണെന്നും, എന്‍എസ്എസിനെ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ എല്‍ഡിഎഫ് അങ്ങനല്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ശരിയായ കാര്യങ്ങള്‍ക്ക് സഹായം ചോദിച്ച് സമീപിച്ചാല്‍ പോലും എല്‍ഡിഎഫിലെ നായര്‍ നേതാക്കള്‍ സഹായിക്കാറില്ല. എന്‍എസ്എസ് യൂണിറ്റുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ ജയിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.