പെരുന്ന: വർഷങ്ങൾ നീണ്ട പിണക്കത്തിനൊടുവിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തിയോടനുബന്ധിച്ചാണ് ചെന്നിത്തല പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. സ്വാഗത പ്രസംഗത്തിൽ രമേശ് ചെന്നിത്തലയെ പുകഴ്ത്തിയായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസംഗം. നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ മാറിയെങ്കിലും ലഭിച്ചത് അനുയോജ്യനായ ഉദ്ഘാടകനെയാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തല എൻഎൻഎസിന്റെ പുത്രനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉദ്ഘാടകൻ വരാത്തതിന് പിന്നിൽ ചില ചരിത്രമുണ്ട്. അതിന് ശേഷമാണ് മുഖ്യപ്രഭാഷകനായ ചെന്നിത്തലയെ ഉദ്ഘാടകനാക്കിയത്. നായർ സർവ്വീസ് സൊസൈറ്റിയിൽ നായരെ വിളിക്കുന്നതാണ് കുഴപ്പം. ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസ് എന്ന മുദ്രയിലല്ല. എൻഎസ്എസിൻ്റെ പുത്രനാണ് രമേശ് ചെന്നിത്തല. ഗണേഷ് കുമാർ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായൻമാർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം. അവർ കുടുംബം മറക്കരുത് എന്ന് മാത്രമേയുള്ളൂ. തിരുത്തലുകൾ വരുത്തിച്ചത് സമുദായ ആചാര്യനാണ്. രാഷ്ട്രീയ വേർതിരിവില്ലാതെ ഒരുപാട് പേർ എത്തി’യെന്നും ജി സുകുമാരൻ നായർ പറഞ്ഞു.