തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി.ശശികുമാർ(74) അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30-ഓടെ ജഗതിയിലെ ‘വർണ’ത്തിലായിരുന്നു അന്ത്യം. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കർ അനന്തരവനാണ്.
ആകാശവാണി ആർട്ടിസ്റ്റുകൂടിയായിരുന്ന ശശികുമാറിന് ധാരാളം ശിഷ്യരുണ്ടായിരുന്നു. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.
സ്വാതിതിരുനാൾ കോേളജിൽനിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായി. സ്വാതിതിരുനാൾ സംഗീത കോേളജിൽ അധ്യാപകനായിരുന്നു. വയലിൻ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും വയലിൻ വായിച്ചിട്ടുണ്ട്.
എം.കെ.ഭാസ്‌കരപ്പണിക്കരുടെയും ജി.സരോജിനിയമ്മയുടെയും മകനായി തിരുവല്ലയിലായിരുന്നു ജനനം. ജി.ശാന്തകുമാരി, ബി.ശ്രീകുമാരി, ബി.ഗിരിജ, സതീഷ് കുമാർ എന്നിവർ സഹോദരങ്ങളാണ്.