മസ്കത്ത്: ഒമാനിൽ ടൂറിസം മേഖലക്ക് പ്രതീക്ഷയേകി ഈ വർഷത്തെ ആദ്യ ആഡംബര കപ്പൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. വരുംദിവസങ്ങളിൽ നിരവധി ആംഡബര കപ്പലുകൾ മത്ര തുറമുഖത്തെത്തും. വിനോദസഞ്ചാര സീസണിൽ മസ്കത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളും ഈ വർഷം എത്തുന്നുണ്ട്.
ഒമാൻ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ ക്രിസ്റ്റൽ സിംഫണി കപ്പലിന് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. ഈ മാസം 27ന് മെയ്ൻ ഷിഫും 28ന് അയിഡബെല്ലയുമാണ് എത്തുന്ന കപ്പലുകൾ. നവംബറിൽ ആയിദ കോസ്മയടക്കമുള്ള വൻ വിനോദസഞ്ചാര കപ്പലുകൾ എത്തുന്നുണ്ട്. ആറായിരത്തിലധികം സഞ്ചാരികൾ ആയിദ കോസ്മയിലുണ്ടാകും.
ഒമാനിലെ ഖസബ് തുറമുഖത്ത് അടുത്ത മാസം ഒന്നു മുതലാണ് വിനോദസഞ്ചാര കപ്പലുകൾ എത്തിത്തുടങ്ങുക. കഴിഞ്ഞ വർഷം 74 ആഡംബര കപ്പലുകളിലായി 1,49,000 യാത്രക്കാരാണ് മത്ര തുറമുഖത്ത് എത്തിയിരുന്നത്. കപ്പലിലൂടെ വിനോദസഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി ഒമാനെ മാറ്റാനാണ് ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തെ ഇടവേളക്കുശേഷം വിനോദസഞ്ചാര സീസണിൽ മസ്കത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളും ഈ വർഷം ഉണ്ടാവും. ബ്രിട്ടീഷ് എയർവേസിന്റെ കീഴിലുള്ള ടി.യു.ഐ എയർവേസാണ് ചാർട്ടേഡ് വിമാന സർവിസ് നടത്തുന്നത്. ലണ്ടനിൽനിന്ന് ആദ്യ വിമാനം അടുത്തമാസം 30ന് മസ്കത്തിലെത്തും.