മസ്കത്ത്: മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായെത്തിയ ഒമാൻ സുൽത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപത്രി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ട് ഒമാനും ഇന്ത്യയും കരാറിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് ഔദ്യോഗിക ചടങ്ങുകളോടെയാണ് രാഷ്ട്രപതി ഭവനിലേക്ക് സുൽത്താനെ ആനയിച്ചത്. ഗാർഡ് ഓഫ് ഓണറും സുൽത്താൻ സ്വീകരിച്ചു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി സംസ്കാരം, ആശയവിനിമയം, വിവര സാങ്കേതികവിദ്യ, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള കരാറിലും ധാരണാ പത്രങ്ങളിലുമാണ് ഇരുവരും ഒപ്പുവച്ചത്. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം എന്നിവയെക്കുറിച്ച് ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒമാൻ സുൽത്താനും അവലോകനം ചെയ്തു.