മസ്‌കത്ത് ∙ വിദേശ നിക്ഷേപകര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നുതന്നെ ഒമാനില്‍ നിക്ഷേപം നടത്താനും വ്യവസായങ്ങള്‍ നിയന്ത്രിക്കാനും സൗകര്യമൊരുങ്ങുന്നു. ഒമാന്‍ റസിഡന്‍സ് കാര്‍ഡ് ഇല്ലാതെയും വിദേശ നിക്ഷേപകര്‍ക്ക് ഒമാനില്‍ സംരംഭങ്ങള്‍ തുടങ്ങാനാകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഇതിന്റെ റജിസ്‌ട്രേഷനും മറ്റും ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്.
മിനിമം മൂലധനം കാണിക്കാതെ തന്നെ 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ അനുവാദമുണ്ട്. ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി റജിസ്റ്റര്‍ ചെയ്താല്‍ ഒരു നിശ്ചിത കാലയളവിനുള്ളില്‍ പെര്‍മിറ്റ് നല്‍കും. വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ലൈസന്‍സുകളും സംബന്ധിച്ച് ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോം കൃത്യമായ വിവരങ്ങള്‍ നല്‍കും. വിദേശത്തിരുന്ന് ഒമാനില്‍ നിക്ഷേപം നടത്തി വ്യവസായങ്ങള്‍ ആരംഭിക്കുന്ന വിദേശികളെ തിരിച്ചറിയുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സാധിക്കും. നിക്ഷേപകര്‍ക്ക് രഹസ്യ നമ്പര്‍ അയയ്ക്കുകയും ഇതുവഴി പ്ലാറ്റ്‌പോമില്‍ കയറി നിക്ഷേപം ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമാകും. പ്ലാറ്റ്‌ഫോമില്‍ നോണ്‍ സിറ്റിസണ്‍/നോണ്‍ റസിഡന്‍സ് വിഭാഗത്തില്‍ ലോഗിന്‍ ചെയ്ത് റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം.