മസ്‌കത്ത് : ഒമാനില്‍ വീസ വിലക്കുകളും സ്വദേശിവത്കരണവും പ്രവാസികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ കുറയ്ക്കുകയും ചെയ്യും. മാസങ്ങള്‍ക്കിടെ നിരവധി സ്വദേശിവത്കരണ നടപടികളും വീസ വിലക്കുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതാണ് വീസ വിലക്ക്. വിദേശികളുടെ ഒഴുക്കിലും ഗണ്യമായ കുറവുണ്ടാകും.
നിര്‍മാണ തൊഴിലാളികള്‍, ശുചീകരണം, ലോഡിങ്, ഇഷ്ടികപ്പണിക്കാര്‍, സ്റ്റീല്‍ ഫിക്‌സര്‍മാര്‍, തയ്യല്‍ ജോലിക്കാർ, ജനറല്‍ ഇലക്ട്രീഷ്യന്‍മാര്‍, വെയിറ്റര്‍മാര്‍, പെയ്ന്റര്‍മാര്‍, പാചകക്കാര്‍, ബാര്‍ബര്‍ എന്നീ മേഖലകളിലാണ് പുതിയ വീസ നിരോധിച്ചിരിക്കുന്നത്. നിലവില്‍ ഈ മേഖലകളില്‍ തൊഴിലെടുക്കുന്നവരിലും മലയാളികള്‍ നിരവധിയാണ്.
വിദേശികള്‍ക്ക് പുതിയ വീസ അനുവദിക്കില്ലെങ്കിലും നിലവില്‍ ഇത്തരം തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നത് ആശ്വാസകരമാണ്. എന്നല്‍, ഈ വിഭാഗങ്ങളിലേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് പുതിയ അവസരങ്ങളുണ്ടാകില്ല. തൊഴില്‍ വിപണിയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30ലധികം തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരമിതപ്പെടുത്തി കഴിഞ്ഞ മാസം തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഇതും പ്രാബല്യത്തില്‍ വരും. നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നൂറ് കണക്കിന് തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികള്‍ക്ക് വീസ അനുവദിക്കുന്നില്ല.