മസ്‌കത്ത്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ തീരുമാനം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിദ്യാഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നയം.
പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതൽ ആറുവയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ ബാൽവതിക അഥവാ കിന്റർഗാർഡൻ എന്നതാണ്. ആറു മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉൾപ്പെടുക. എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർഥികൾ മൂന്ന് മുതൽ അഞ്ചുവരെ ക്ലാസുകളിലും 11 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾ ആറു മുതൽ എട്ടുവരെ ക്ലാസുകളിലുമായിരിക്കും. 14 മുതൽ 18 വയസ്സുവരെയുള്ളവർ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സെക്കൻഡറി വിഭാഗത്തിൽ ഉൾപ്പെടും. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുടനീളം വിദ്യാഭ്യാസത്തിന്റെ സമഗ്രമായ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നയം.
2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന എൻ.ഇ.പിയുടെ ഭാഗമായുള്ള പ്രീ-സ്‌കൂൾ എപ്രിൽ ഒന്ന് മുതൽ നടപ്പാക്കും. ഇന്റർസ്‌കൂൾ ട്രാൻസ്ഫറുകൾക്കുള്ള പ്രവേശനത്തിന് സാധുവായ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.
അതേസമയം നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കുള്ള പ്രമോഷൻ കെ.ജി ഒന്ന് മുതൽ കെ.ജി രണ്ടുവരെയും കെ.ജി രണ്ട് മുതൽ ക്ലാസ് ഒന്നുവരെയും നിലവിലെ സമ്പ്രദായമനസുരിച്ച് തുടരുമെന്ന് അധികൃതർ അറിയിച്ചു.