മസ്‌കത്ത്: വ്രതാനുഷ്ഠാനത്തിന്റെ നാളുകൾക്ക് വിരാമമിട്ട് ഒമാനിൽ ഇന്ന് ചെറിയ പെരുന്നാൾ. റമളാൻ മുപ്പത് പൂർത്തിയാക്കിയാണ് ഒമാൻ ഈദിനെ വരവേൽക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സുൽത്താൻ ഹൈതം ബിൻ താരിഖ് ഈദ് ആശംസകൾ നേർന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് നേതൃത്വം നൽകുന്നത്.
മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലുള്ള സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിക്കുക. സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവയുടെ ഉദ്യോഗസ്ഥർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ പ്രാർഥനയിൽ പങ്കാളികളാകും. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും മറ്റു രാഷ്ട്ര തലവൻമാർക്കും സുൽത്താൻ ഈദ് ആശംസകൾ നേർന്നു. അതേസമയം ഈദിനോടനുബന്ധിച്ച് പൊതു സ്വകാര്യ മേഖലയിൽ നീണ്ട അവധിയാണ് ലഭിക്കുന്നത്. ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുക. തുടർച്ചയായി 9 ദിവസം അവധി ലഭിക്കുന്നുണ്ട്