മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ, ഇന്ത്യൻ എംബസ്സിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് പുസ്തോകോത്സവത്തിന് മസ്കത്തിൽ തുടക്കമായി. അൽ ബാജ് ബുക്സ് ഒരുക്കുന്ന മേളയിൽ 12ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ദാർസൈത്തിലെ ഇന്ത്യൻ സ്കൂൾ ഹാളിൽ നടക്കുന്ന മേള മെയ് 17വരെ നീണ്ടു നിൽക്കും.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഇത്തവണത്തെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ദാർസൈത്തിലെ ഇന്ത്യൻ സ്കൂൾ ഹാളിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് നിർവഹിച്ചു. നാഷണൽ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ. അലി സൗദ് അൽ ബിമാനി, കേണൽ അബ്ദുൽ വഹാബ് അബ്ദുൽ കരീം ഈസ അൽ ബലൂഷി, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സെയ്ദ് അഹമ്മദ് സൽമാൻ, തുടങ്ങി ഒമാനിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു
17വരെ നീണ്ടു നിൽക്കുന്ന മേളയിലേക്ക് രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ പ്രവേശനം അനുവദിക്കും. ഇന്ത്യൻ എംബസിയിൽ നിന്നുള്ള പുസ്തകങ്ങളും പുസ്കോത്സവ വേദിയിൽ സൗജന്യമായി ലഭിക്കും. വിദ്യാർത്ഥികൾക്ക് നിരവധി മത്സരങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.



