മസ്കത്ത്/ അബുദാബി : മസ്കത്ത് – അൽഐൻ– അബുദാബി റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു. ഒക്‌ടോബർ ഒന്ന് മുതലാണ് ബസ് സർവീസുകൾ ആരംഭിക്കുന്നതെന്ന് ഒമാൻ ദേശീയ ഗതാഗത കമ്പനി, മൊവസലാത്ത് അറിയിച്ചു. യുഎഇ–ഒമാൻ അതിർത്തിയായ ബുറൈമി വഴിയാകും സർവീസുകൾ. ഈ സർവീസ് ഉപയോഗിച്ച് യുഎഇയിൽനിന്ന് ബസ് മാർഗം ഒമാനിലെത്തി അവിടുന്ന് വിമാനത്തിൽ കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും.
മസ്‌കത്തിലെ അസൈബ സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ബസ് ബുറൈമി അതിർത്തി ചെക്ക് പോസ്റ്റിലെ പരിശോധന കഴിഞ്ഞ് അൽഐനിലെത്തുമ്പോൾ ആറര മണിക്കൂറെടുക്കും. അബുദാബിയിലേക്കുള്ള ബസ് സർവീസിന്റെ യാത്രാദൈർഘ്യം 9.10 മണിക്കൂർ ആണ്.