മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ ഒരു ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 215 രൂപയിലേക്ക് അടുക്കുന്നു. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഒരു ഒമാനി റിയാലിന് 214.20 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച നൽകിയത്. വാരാന്ത്യ അവധി ആയതിനാൽ ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഒരു ഡോളറിന് 82.66 രൂപയാണ് വെള്ളിയാഴ്ചത്തെ നിരക്ക്. കഴിഞ്ഞ എട്ട് ആഴ്ചക്കുള്ളിലെ ഇന്ത്യൻ രൂപയുടെ താഴ്ന്ന നിരക്കാണിത്.
അമേരിക്കൻ ഫെഡറൽ റിസർവ്വ് കൈകൊള്ളുന്ന നിരവധി നടപടികളെ തുടർന്നാണ് ഡോളർ ശക്തി പ്രാപിക്കാൻ തുടങ്ങിയത്. നിലവിലെ റിയാലിന്റെ വിനിമയ നിരക്ക് ഈ വർഷം മാർച്ച് 16ന് ശേഷമുള്ള ഉയർന്ന നിരക്കാണ്. വിനിമയ നിരക്ക് ഉയരുന്നതും ഒമാനി റിയാലിന് കൂടുതൽ മൂല്യം കിട്ടുന്നതും പ്രവാസികൾക്ക് വലിയ ആശ്വാസമാകും.