വികസനത്തിനും കരുതലിനുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗണന. മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കെ അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പാക്കിയ വികസനപദ്ധതികള്‍ കേരളത്തിന്റെ മുഖഛായ മാറ്റി. സാധാരണക്കാര്‍ക്കും രോഗികള്‍ക്കും കരുതലേകാന്‍ ഒട്ടേറെ കാരുണ്യപദ്ധതികളും കൊണ്ടുവന്നു. എല്ലാ പദ്ധതികളും ‘അതിവേഗം ബഹുദൂരം’ ശൈലിയില്‍ നടപ്പാക്കാനും ശ്രദ്ധിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കയ്യൊപ്പു പതിഞ്ഞ പദ്ധതികളില്‍ പ്രധാനപ്പെട്ടവ
കൊച്ചി മെട്രോ
കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനായി ഡല്‍ഹിയില്‍നിന്ന് ഇ.ശ്രീധരനെ എത്തിക്കുകയും നിര്‍മാണഘട്ടത്തിലെ തടസ്സങ്ങള്‍ നേരിട്ട് ഇടപെട്ടു നീക്കുകയും ചെയ്തു.
കൊച്ചി സ്മാര്‍ട് സിറ്റി
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2004 ല്‍ ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുന്‍കയ്യെടുത്തു തുടക്കമിട്ടു. പിന്നീട് പരിഷ്‌കാരങ്ങളോടെ വിഎസ് സര്‍ക്കാരിന്റെ കാലത്താണു നടപ്പാക്കിയത്.
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി നടപ്പാകില്ലെന്ന ഘട്ടമെത്തിയപ്പോള്‍ അന്നത്തെ യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്രാനുമതി നേടുകയും അദാനി ഗ്രൂപ്പിനെ ക്ഷണിച്ച് കരാര്‍ നല്‍കുകയും ചെയ്തു.
ശബരിമല വികസനം
ശബരിമല മാസ്റ്റര്‍ പ്ലാനിനു വേണ്ടി 122 ഹെക്ടര്‍ വനഭൂമി കേന്ദ്ര സര്‍ക്കാരില്‍നിന്നു നേടിയെടുത്തു. ഇതിനു പകരം സ്ഥലം ഇടുക്കി കമ്പക്കല്ലില്‍ വനം വകുപ്പിനു വിട്ടുകൊടുത്തു. മാസ്റ്റര്‍ പ്ലാനിന് 65 കോടി അനുവദിച്ചു.
ഐടി പഠനവിഷയം
2005 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍, സ്‌കൂളുകളില്‍ വിവരസാങ്കേതികവിദ്യ പാഠ്യവിഷയമാക്കി. ഈ തീരുമാനമെടുത്ത ആദ്യ സംസ്ഥാനമായിരുന്നു കേരളം. കുട്ടികളുടെ പഠനത്തിനായി വിക്ടേഴ്‌സ് ചാനലിനു തുടക്കമിട്ടു; കോവിഡ് കാലത്ത് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഇതു സഹായിച്ചു.
ദേശീയപാത വികസനം
സ്ഥലമേറ്റെടുപ്പിലെ വന്‍ ചെലവു കാരണം കേരളത്തില്‍ ദേശീയപാത നിര്‍മിക്കാനാകില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ സ്ഥലമേറ്റെടുപ്പിനു വേണ്ട തുകയുടെ പകുതി സംസ്ഥാന വഹിക്കാം എന്ന നിര്‍ദേശം വച്ചത് ഉമ്മന്‍ ചാണ്ടിയാണ്. ഇതോടെ ദേശീയപാത വികസനത്തിനു വേഗം വച്ചു.
സര്‍വകലാശാലകള്‍
എ.പി.ജെ.അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കോട്ടയം തെക്കുംതലയിലെ കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് എന്നിവ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സംഭാവനകളാണ്.
കണ്ണൂര്‍ വിമാനത്താവളം
കണ്ണൂരില്‍ വിമാനത്താവളം നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയും സ്‌പെഷല്‍ ഓഫിസറെ നിയമിക്കുകയും ചെയ്തത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. പിന്നീടു വന്ന വിഎസ് സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചു. വീണ്ടും മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി റണ്‍വേയില്‍ പരീക്ഷണപ്പറക്കലിനു സാക്ഷിയായ ശേഷമാണു സ്ഥാനമൊഴിഞ്ഞത്.
മെഡിക്കല്‍ കോളജ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളജ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ക്കു തുടക്കമിട്ടു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മേഖലയിലാക്കാന്‍ നടപടിയെടുത്തു. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ് സ്വകാര്യ മേഖലയ്ക്കു കൈമാറാന്‍ നീക്കം നടന്നപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
……………………………………….
മരണത്തിനും തോല്പിക്കാനാവാത്ത ജനകീയത
കോട്ടയം: കേരളം ഒരേ മനസ്സോടെ ഒഴുകിയെത്തിയ യാത്രയയപ്പ്. വഴി നീളെ കാത്തുനിന്നത് സങ്കടക്കണ്ണീരുമായി പതിനായിരങ്ങള്‍. കേരളമേകിയ അത്യപൂര്‍വ യാത്രമൊഴി ഏറ്റുവാങ്ങിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്ര. മൂന്നു ദിവസങ്ങളിലായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദര്‍ശനങ്ങള്‍ക്കും സുദീര്‍ഘമായ വിലാപയാത്രയ്ക്കുമൊടുവില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് കേരളത്തിന്റെ പ്രിയ നേതാവിന് അന്ത്യവിശ്രമം ഒരുക്കിയത്.
തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തു ചേര്‍ന്നു. പ്രിയനേതാവിന്റെ മരണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കല്ലറയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്.
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങള്‍ നിറകണ്ണുകളോടെ ആംബുലന്‍സിനൊപ്പം നടന്നെത്തിയ കാഴ്ച കേരളം എങ്ങനെ മറക്കാനാണ്. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും വിലാപയാത്രയുടെ ഭാഗമായി. ഇതിനു ശേഷമായിരുന്നു അവസാന പൊതുദര്‍ശനം. തുടര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടത്തിയ അന്തിമ സംസ്‌കാര ശുശ്രൂകള്‍ക്കു ശേഷമായിരുന്നു സംസ്‌കാരം.