തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും തിരുവനന്തപുരത്ത് എത്തിക്കുക.
അവിടെനിന്ന് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. പിന്നീട് സെക്രട്ടറിയേറ്റിലെ ദർബാർഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരത്തോട് കൂടി സെക്രട്ടറിയേറ്റിന് സമീപത്തെ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്ത്രീഡലിൽ പൊതുദർശനത്തിന് വെക്കും. ശേഷം കെ.പി.സി.സി ഓഫീസിലും പൊതുദർശനമുണ്ടാകും. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോട് കൂടി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കായിരിക്കും സംസ്‌കാരചടങ്ങുകൾ നടക്കുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചു. ബംഗളുരുവിൽ ഉമ്മൻചാണ്ടി താമസിച്ചിരുന്ന ഇന്ദിരാനഗറിലെ വസതിയിലും പൊതുദർശനത്തിന് വെക്കും.
അന്ത്യം ബംഗളുരൂവിലായിരുന്നു. മകൻ ചാണ്ടി ഉമ്മൻ മരണവിവരം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.46 നാണ് ചികിത്സയിലായിരുന്ന ആശുപത്രിയിൽ വെച്ച് ഉമ്മൻ ചാണ്ടി അന്തരിച്ചത്.