മസ്‌കത്ത് : കലാ മേഖലയില്‍ നിന്നുള്ളവരെ ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ 10 വര്‍ഷത്തെ വീസ അവതരിപ്പിക്കാന്‍ ഒമാന്‍. ഇത് സംബന്ധിച്ചുള്ള കരടിന് മജ്‌ലീസ് ശൂറ അംഗീകാരം നല്‍കി. മികച്ച സർഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ഒമാനിലേക്ക് ബുദ്ധിജീവികളെയും എഴുത്തുകാരെയും കൊണ്ടുവരുന്നതിനാണ് പത്ത് വര്‍ഷത്തെ സാംസ്‌കാരിക വീസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മീഡിയ ആൻഡ് കള്‍ച്ചര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച ഈ നീക്കം, സാംസ്‌കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രാഫി, ശില്‍പം, ഡ്രോയിങ്, മറ്റ് കലാ മേഖലകള്‍ എന്നിവയില്‍ രാജ്യത്ത് മുന്നേറ്റം സാധ്യമാക്കും. രാജ്യത്തെ സാംസ്‌കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികള്‍ക്കും കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.
സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഒമാനികളുടെ വേതനം വര്‍ധിപ്പിക്കാനുള്ള അഭ്യര്‍ഥനകള്‍ ശൂറ അംഗീകരിച്ചു. സ്വകാകാര്യമേഖലയിലെ ഒമാനികളുടെ മിനിമം വേതനം ഉയര്‍ത്തുന്നത് അവരുടെ വാങ്ങല്‍ ശേഷിയെ സഹായിക്കുകയും പ്രാദേശിക വിപണിയിലെ പണമൊഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് അവരുടെ വൈദ്യുതി, ജല ബില്ലുകള്‍ വാണിജ്യത്തില്‍നിന്ന് സോഷ്യല്‍ സെക്യൂരിറ്റി ഉടമകളുടെ താരിഫിലേക്ക് മാറ്റുന്നതിനും മജ്‌ലിസ് ശൂറ അംഗീകാരം നല്‍കി.