തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പദ്ധതികളിലൊന്നായ ‘ശ്രുതിതരംഗം’ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇക്കാര്യം ഉടന്‍ പ്രഖ്യാപിച്ചേക്കും. 2012 ലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രുതി തരംഗം പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തോടെ 360 കുട്ടികളുടെ ശ്രവണ സഹായി കാലപ്പഴക്കം കാരണം തകരാറിലായിട്ടുണ്ട്. ഉപകരണം മാറ്റുന്നതിനായി 9 കോടി രൂപയുടെ അടുത്ത് തുക കണ്ടെത്തണം. ഈ തുക കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ശേഖരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ജൂണ്‍ 15 ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉമ്മന്‍ചാണ്ടി ഉപകരണം മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജൂലൈ 22 ന് സര്‍ക്കാര്‍ 59.48 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തുക ഉപയോഗിച്ച് 25 കുട്ടികളുടെ ശ്രവണ സഹായി മാറ്റാന്‍ മാത്രമേ കഴിയുകയുള്ളൂ. ബാക്കി കുട്ടികളിലേക്കും സഹായം എത്തിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടും തുകയില്ലാത്തത് കൊണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ആദ്യഘട്ടത്തില്‍ 50 കുട്ടികളിലേക്ക് സഹായം എത്തിക്കുമെന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച്ച സുധാകരന്‍ അറിയിച്ചിരുന്നു. സഹായിക്കാന്‍ തല്‍പ്പരരായിട്ടുള്ളവരില്‍ നിന്നും ഫണ്ട് ശേഖരണത്തിനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന് പുറമേ കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ ബന്ധപ്പെട്ട് ഒമ്പത് കോടിയെന്ന തുക കുറച്ച് ലഭിക്കാനുള്ള ഒരു ശ്രമവും കെപിസിസി നടത്തുന്നുണ്ട്. സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ മൂന്ന് വയസ്സിന് താഴെയുള്ള കേള്‍വി തകരാറുള്ള കുട്ടികള്‍ക്കും കേള്‍വി ഉപകരണം വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കടന്നിരുന്നു