തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മാരകമായി ആദ്യത്തെ പാർട്ടി ഓഫിസ് അരുവിക്കര നിയോജകമണ്ഡലത്തിൽ ഉദ്ഘാടനത്തിനു തയാറായി. പനയ്ക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കു പുതിയതായി നിർമിച്ച ഓഫിസ് മന്ദിരമാണ് ‘ഉമ്മൻചാണ്ടി സ്മൃതി മന്ദിര’മായി മാറുന്നത്. 12നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.
വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മണ്ഡലം കമ്മിറ്റി ഓഫിസിനു സ്വന്തം കെട്ടിടമുണ്ടാക്കാൻ 10 വർഷം മുൻപാണു സ്ഥലം വാങ്ങിയത്. തറ കെട്ടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പൂർത്തീകരണം വൈകി. നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കെയായിരുന്നു ഉമ്മൻചാണ്ടിയുടെ നിര്യാണം. ഇതേത്തുടർന്ന് നിർമാണം അതിവേഗം പൂർത്തീകരിക്കാനും ഉമ്മൻചാണ്ടിയുടെ പേരു നൽകാനും തീരുമാനിക്കുകയായിരുന്നു.