കോട്ടയം : “തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻചാണ്ടിസാർ ചെയ്ത സഹായം മറക്കാൻ കഴിയാത്തതാണെന്നും സതിയമ്മ.”ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചതിന് ജോലിയിൽനിന്ന് പുറത്താക്കിയെന്നാരോപിച്ച് പുതുപ്പള്ളി കൈതേപ്പാലം വെറ്ററിനറി സബ്സെന്ററിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച താത്കാലിക ജീവനക്കാരി പി.ഒ. സതിയമ്മ പറയുന്നു.
“ 13 വർഷംമുൻപ് വൈക്കം പ്രാദേശിക മൃഗസംരക്ഷണകേന്ദ്രത്തിന് കീഴിലുളള കൈതേപ്പാലം സബ് സെന്ററിൽ സ്വീപ്പറായിട്ടാണ് ജോലിക്കുകയറിയത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റാണ് ജോലി വാങ്ങിതന്നത്. അന്ന് 2000 രൂപയായിരുന്നു ശമ്പളം. ആ ശമ്പളത്തിന് ആരേയും കിട്ടാതെ വന്നപ്പോഴാണ് എനിക്ക് കിട്ടിയത്. പിന്നീട് കുടുംബശ്രീ അംഗമെന്നനിലയിലായി ജോലി. അപ്പോൾ കുടുംബശ്രീ അംഗമായ ജിജിമോൾക്കും ജോലിയുടെ തുല്യദിനങ്ങൾ അനുവദിച്ചു. അന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുകൂടിയായിരുന്നു ജിജിമോൾ. എന്നാൽ ചില ശാരീരിക അസ്വസ്ഥതകൾമൂലം ജിജിമോൾക്ക് അനുവദിച്ച ദിവസങ്ങളിലേയും ജോലി ഞാൻ തന്നെചെയ്യുകയായിരുന്നു പതിവ്. ഇത്രയും വർഷവും അതായിരുന്നു രീതി. കിട്ടുന്ന ശമ്പളത്തിന്റെ പാതിവീതം എന്റെ അക്കൗണ്ടിലും ജിജിയുടെ അക്കൗണ്ടിലുമാണ് വന്നിരുന്നത്. എങ്കിലും ജോലിചെയ്തിരുന്ന എനിക്ക് തന്നെ ആ പൈസ തന്നിരുന്നു. കാരണം എന്റെ കുടുംബത്തിന്റെ ഏകവരുമാനം ആണ് ആ തുകയെന്ന് എല്ലാവർക്കും അറിയാം. രോഗിയായ ഭർത്താവിന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആറ് വർഷം മുന്പ് 26-ാം വയസ്സിൽ മകൻ അപകടത്തിൽ മരിക്കുമ്പോൾ വീട്ടിൽ വന്ന് ആശ്വസിപ്പിച്ച ഉമ്മൻചാണ്ടി ജീവിതത്തിൽ എന്നും ആശ്വാസം പകർന്നു. മകളുടെ കല്യാണത്തിന് സാമ്പത്തിക സഹായം നൽകാനും ഉമ്മൻചാണ്ടി സാറുണ്ടായിരുന്നുവെന്നും സതിയമ്മ