തിരുവോണം; ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
മലയാളികള്‍ക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ ഓണാഘോഷങ്ങള്‍ തുടങ്ങും. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം.
ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കും. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ, ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.
പൂക്കളം പോലെ ഓണത്തിന് ഒഴിച്ചുകൂട്ടാൻ പറ്റാത്തതാണ് മഹാബലിയെ എതിരേല്‍ക്കുന്നതും ഓണസദ്യയുമെല്ലാം. കുരവയിടലും ആർപ്പോ വിളിയുമായി അതിരാവിലെ ഓണത്തപ്പനെ വരവേല്‍ക്കുന്നതോടെ അന്നത്തെ ആഘോഷം ആരംഭിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാ ചേർന്നുള്ള ഒത്തുകൂടലിന് മാറ്റുകൂട്ടുന്നതാണ് ഓണസദ്യയും. നാക്കിലയിൽ കാളൻ, ഓലൻ, എരിശ്ശേരി, സാമ്പാർ, അവിയൽ, ഉപ്പിലിട്ടത്, പപ്പടം, പഴം, പായസം എല്ലാം കൂടിയ സദ്യ ഇല്ലാതെ ഓണം പൂർണ്ണമാകില്ല.
മലയാളി ഉള്ളിടത്തെല്ലാം ഓണവുമുണ്ട്. ഒത്തൊരുമയും സമത്വവും നിറഞ്ഞ ഈ ഓണം നാളിൽ ഏവർക്കും ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ തിരുവോണാശംസകൾ ….