ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
പുതുപ്പള്ളി കാരോട്ട വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെും മകനായി 1943 ഒക്ടോബർ 31നാണു ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം എറണാകുളം ലോ കോളജിൽ നിന്നു നിയമ ബിരുദം നേടി.
കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967 ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി 1970 ൽ പുതുപ്പള്ളിയിൽ നിന്നു നിയമസഭയിൽ എത്തി. രണ്ടു വട്ടം മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി.