അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് 1975 സെപ്റ്റംബറിൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് 1977 മാർച്ച് 19നാണു നടന്നത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാമൂഴം.
15,910 വോട്ടിനായിരുന്നു ജയം. ജനതാ പാർട്ടയിലെ പി.സി ചെറിയാൻ എതിർസ്ഥാനാർഥി. 111 സീറ്റ് എന്ന സർവകാല റിക്കാർഡ് നേടിയ യുഡിഎഫ് കെ. കരുണാകരന്റെ നേതൃത്വത്തിൽ മാർച്ച് 25ന് അധികാരത്തിലേറി. അതിൽ ഉമ്മൻ ചാണ്ടി 33-ാം വയസിൽ തൊഴിൽവകുപ്പ് മന്ത്രിയായി. രാജൻ കേസിലെ കോടതിവിധിയെ തുടർന്ന് കരുണാകരൻ മന്ത്രിസഭ ഒരു മാസം കഴിഞ്ഞപ്പോൾ ഏപ്രിൽ 25ന് രാജിവച്ചു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിമാർ തുടർന്നു.
തൊഴിൽ മന്ത്രിയുടെ നേട്ടങ്ങൾ
കേരളത്തിൽ അന്നുണ്ടായിരുന്ന 15 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കി.
തിരുവനന്തപുരത്തെ ചെങ്കൽചൂള കോളനിയിൽ പുതിയ കോൺക്രീറ്റ് വീടുകൾ നിർമിച്ചു.
പി എസ് സി നിയമനപ്രായപരിധി 35 വയസാക്കി ചുമട്ടുതൊഴിലാളി നിയമം പാസാക്കി. ഇതിനിടെ കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ പിളർന്നു. 1978 ഒക്ടോബർ 27നു ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് പി.കെ വാസുദേവൻ നായരുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് മന്ത്രിമാർ തുടർന്നില്ല. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ഈ മന്ത്രിസഭ രാജിവച്ചു. സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചെങ്കിലും കോൺഗ്രസ് പുറത്തുനിന്ന് പിന്തുണ നല്കുകയായിരുന്നു. രണ്ടര വർഷം മാത്രം ആയുസുണ്ടായിരുന്ന അഞ്ചാം നിയമസഭ നാലു മന്ത്രിസഭകൾക്ക് സാക്ഷിയായി.