ഏഴാം തവണ സി.പി.എമ്മിലെ റെജി സഖറിയക്കെതിരേ 10,155 വോട്ടിനു ജയിച്ചു. എന്നാൽ യുഡിഎഫ് തോറ്റു. എ. കെ. ആന്റണി പ്രതിപക്ഷ നേതാവായി. 2001 മെയ് മാസം നടന്ന തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ലഭിച്ചത് അപ്രതീക്ഷിത എതിരാളി ചെറിയാൻ ഫിലിപ്പ്. ഇടതു
സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച ചെറിയാൻ ഫിലിപ്പിനെതിരേ 12,575 വോട്ടിനായിരുന്നു ജയം. 99 എംഎൽഎമാരുമായി എകെ ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രിയായി. ഉമ്മൻ ചാണ്ടി വീണ്ടും യുഡിഎഫ് കൺവീനറായി.
ഉമ്മൻ ചാണ്ടി 2004 ആഗസ്റ്റ് 31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി. 2004 ഡിസംബർ 26ന് സുനാമി ആഞ്ഞടിച്ചു. സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. ദാവോസിൽ ലോകസാമ്പത്തിക ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉമ്മൻ ചാണ്ടി അവിടെ ഐസിൽ തെന്നിവീണ് ഇടുപ്പ് ഒടിഞ്ഞു. യുഡിഎഫ് സർക്കാരിനെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം 25 മണിക്കൂർ സഭ ചർച്ച ചെയ്തു. ലാവ്ലിൻ കേസ് നിരത്തി ഭരണമുന്നണി അവിശ്വാസത്തെ അനായാസം അതിജീവിച്ചു.
വിവാദങ്ങൾക്കിടയിലും വികസന പദ്ധതികളും നിരവധി ക്ഷേമപദ്ധതികളും അരങ്ങേറി. ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം അന്വർത്ഥമാക്കി സർക്കാർ കുതിച്ചു. 20 മാസം കേരളം വികസനത്തിന്റെയും കരുതലിന്റെയും മുന്നേറ്റം കണ്ടു.