Saturday, March 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജനകീയസ്വര്‍ഗ്ഗത്തിലെ കുഞ്ഞൂഞ്ഞ്

ജനകീയസ്വര്‍ഗ്ഗത്തിലെ കുഞ്ഞൂഞ്ഞ്

തോമസ് മൊട്ടക്കൽ
(ഗ്ലോബൽ പ്രസിഡൻ്റ്, വേൾഡ് മലയാളി കൗൺസിൽ)

ആദര്‍ശവും ആത്മാര്‍ത്ഥതയും മുഖമുദ്രയാക്കിയ ഒരു വന്മരം കടപുഴകിയിട്ട് ഒരു വര്‍ഷം തികയുന്നു. അധികാരത്തിന്റെ ഉയരങ്ങളില്‍ വളര്‍ന്ന് പന്തലിച്ച ആ മരത്തെ വ്യത്യസ്തമാക്കിയത് അതിന്റെ വേരുകള്‍ എന്നും മണ്ണിനോടു ചേര്‍ന്നു നിന്നു എന്നത് തന്നെയാണ്. അതിന്റെ ചില്ലകളില്‍ കൂടുകൂട്ടാന്‍ എത്തിയവരെയൊക്കെ അത് ചേര്‍ത്തു നിര്‍ത്തി. ശിശിരമോ വേനലോ മഴക്കാലമോ എന്ന വ്യത്യാസമില്ലാതെ അത് മറ്റുള്ളവര്‍ക്കു വേണ്ടി മാത്രം ഇലകള്‍ പൊഴിക്കുകയും തളിരിടുകയും ചെയ്തു. അതിലെ പൂക്കാലവും അത് തണല്‍ വിരിച്ചതും ലോകത്തിനു വേണ്ടിയായിരുന്നു. പുതുമരങ്ങള്‍ എത്ര തളിര്‍ത്താലും പൂത്താലും ആ വന്മരത്തെ എങ്ങനെയാണ് മറക്കാന്‍ കഴിയുക. ആ മരത്തിനെ കാലം ഉമ്മന്‍ചാണ്ടി എന്ന് വിളിച്ചു.

ജനനായകന്‍ എന്ന് ഉമ്മന്‍ ചാണ്ടിയെ വിളിച്ചത് വെറുതെയല്ല. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അത്രമേല്‍ ജനകീയനായിരുന്നു അദ്ദേഹം. ആരുമില്ലാതെ വീണു പോകും എന്നു കരുതിയ എത്ര നിരാലംബരാണ് അദ്ദേഹത്തിന്റെ കൈത്താങ്ങില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സഹായം തേടിയെത്തുന്നവരുടെ രാഷ്ട്രീയം ഉമ്മന്‍ ചാണ്ടി തിരക്കിയിട്ടില്ല. ഏറ്റവും താഴെയുള്ളവരെ പോലും ഭാവഭേദങ്ങളില്ലാതെ ചേര്‍ത്തു പിടിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. ജനം നെഞ്ചിലേറ്റിയ ഉമ്മന്‍ചാണ്ടി ജനത്തെ തന്റെ ജീവവായുവാക്കി.

ജനമനസ്സിന്റെ അധികാരം നേടാന്‍ കസേരകള്‍ ആവശ്യമില്ല എന്ന് ഉമ്മന്‍ചാണ്ടി ജീവിതം കൊണ്ട് തെളിയിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന് ആധാരം നന്മയുടെ നേരായിരുന്നു. അപവാദങ്ങളും അസത്യങ്ങളും അദ്ദേഹത്തിന് നേരെ വാളോങ്ങുമ്പോള്‍ പ്രതിരോധകവചം തീര്‍ത്തതും ആ നേരിന്റെ ബലമായിരുന്നു. ഒരു പടനായകനെപ്പോലെ അധാര്‍മ്മികതയ്‌ക്കെതിരെ അദ്ദേഹം പോരാടിയപ്പോള്‍ സൈന്യമായി അണിചേര്‍ന്നത് ഒരു നാടു മുഴുവനാണെന്നത് അദ്ദേഹത്തിന്റെ ശക്തി കൂട്ടി.

‘തെറ്റുചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ഒടുവില്‍ സത്യം ജയിക്കും,’ എന്ന വാക്കുകള്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് തിരുത്തേണ്ടി വന്നിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി പലരും തിരിഞ്ഞു കൊത്തിയപ്പോഴും തനതായ പുഞ്ചിരിയോടെ ആത്മവിശ്വാസം കൈവിടാതെ അദ്ദേഹം ഉറച്ചു നിന്നു. തന്നെ വേദനിപ്പിച്ചവരെ പോലും വ്യക്തിപരമായി ആക്രമിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. കനലുകള്‍ താണ്ടി പുതുവഴി വെട്ടിയവനെ തകര്‍ക്കാന്‍ ഏതു മഹാമാരിക്കാണ് കഴിയുക!

ലാളിത്യമായിരുന്നു ഉമ്മന്‍ ചാണ്ടി പകര്‍ന്ന ജീവിതദര്‍ശനം. കുഞ്ഞൂഞ്ഞെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നത്ര ലളിതമായി അദ്ദേഹം ജീവിച്ചു. പിന്നിട്ട വഴികളിലൊന്നും അധികാരത്തിന്റെ ഗര്‍വ്വോ സ്ഥാനമാനങ്ങളുടെ തലക്കനമോ അദ്ദേഹത്തെ തൊട്ടുതീണ്ടിയില്ല. അതുകൊണ്ടു തന്നെയാണ് ജനമനസ്സുകളില്‍ അതിവേഗം ബഹുദൂരം ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് ഇടം പിടിച്ചത്. ഒടുവിലെ യാത്രയിലും ആ വന്മരത്തിന്റെ ചില്ലയില്‍ കൂടുകൂട്ടിയ അനേകായിരം കിളികളുടെ തേങ്ങലുകളെ ഒരു ഇളം തെന്നല്‍ തഴുകി പോകും പോലെ, ആശ്വാസത്തിന്റെ ഒറ്റവാക്കായി കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ ചാണ്ടി സ്വര്‍ഗ്ഗത്തിലും ഉറങ്ങാതെ പ്രവര്‍ത്തിക്കുന്നുണ്ടാവും…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com