കൊച്ചി: പാര്‍ട്ടി വിപ്പ് ലംഘിച്ച് ദേശീയ നേതാവ് യു.ഡി.എഫിനെ പിന്തുണച്ചത് ബി.ജെ.പി.യെ ഞെട്ടിച്ചു. വിപ്പ് ലംഘിച്ചതിന് മൂന്നു ദിവസത്തിനുള്ളില്‍ കാരണം കാണിക്കണമെന്നു കാട്ടി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പദ്മജ എസ്. മേനോന് നോട്ടീസ് നല്‍കി. കൊച്ചി കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി പദ്മജയ്ക്ക്് വിപ്പ് നല്‍കിയിരുന്നെങ്കിലും അവര്‍ അത് കൈപ്പറ്റാതെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
കര്‍ണാടക തിരഞ്ഞെടുപ്പ് രംഗത്തായിരുന്ന പദ്മജയെ അവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനും ബി.ജെ.പി. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പോയ അവര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് എത്തില്ലെന്ന ധാരണയിലായിരുന്നു ബി.ജെ.പി. ജില്ലാ നേതൃത്വം. എന്നാല്‍, അവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിവരം ലഭിച്ചതോടെ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിപ്പുമായി ഓഫീസ് സെക്രട്ടറി യോഗം ചേരുന്ന മുറിയിലെത്തി. വിപ്പ് വാങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് യോഗത്തിന് നേതൃത്വം നല്‍കിയിരുന്ന ജില്ലാ കളക്ടര്‍ക്ക് വിപ്പ് അടങ്ങിയ കത്ത് കൈമാറിയ ശേഷം ഓഫീസ് സെക്രട്ടറി മടങ്ങി.
മുതിര്‍ന്ന നേതാവ് പാര്‍ട്ടിയുടെ അച്ചടക്കം പരസ്യമായി ലംഘിച്ചത് നോക്കിനില്‍ക്കാനേ ബി.ജെ.പി. ജില്ലാ നേതൃത്വത്തിനു കഴിഞ്ഞുള്ളൂ. മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ പദ്മജയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് സാധിക്കില്ല. നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ജില്ലാ പ്രസിഡന്റ് കത്ത് നല്‍കുകയായിരുന്നു.