ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്ക്. പാക് നടന്‍ ഫവാദ് ഖാന്‍, ഗായകരായ ആതിഫ് അസ്ലം, റഹാത് ഫതേഹ് അലി ഖാന്‍ എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.
നേരത്തെ 16 പാകിസ്താന്‍ യൂട്യൂബ് ചാനലും അഭിനേതാക്കളുടെ യൂട്യൂബ് ചാനലും വിലക്കിയതിന് പിന്നാലെയാണ് ഷഹബാസ് ഷരീഫിന്റെ ചാനലിനും വിലക്കേര്‍പ്പെടുത്തിയത്. തീവ്രവാദികളെ മിലിറ്റന്റുകള്‍ എന്ന് വിളിച്ച ബിബിസിയുടെ വാര്‍ത്തകളെയും വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഡോണ്‍ ന്യൂസ്, സമാ ടിവി, എആര്‍ആ ന്യൂസ്, ബോള്‍ ന്യൂസ്, റഫ്താര്‍, ജിയോ ന്യൂസ്, സമാ സ്‌പോര്‍ട്‌സ്, പാകിസ്താന്‍ റഫറന്‍സ്, ജിഎന്‍എന്‍, ഉസൈര്‍ ക്രിക്കറ്റ്, ഉമര്‍ ചീമാ എക്‌സ്‌ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫറൂഖ്, സുനോ ന്യൂസ്, റാസി നാമ, ഇര്‍ഷാദ് ഭട്ടി തുടങ്ങിയ യൂട്യൂബ് ചാനലുകളാണ് ഇന്ത്യയില്‍ വിലക്കിയത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം വ്യക്തമായതായി എന്‍ഐഎ കണ്ടെത്തി. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഭീകരരും ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഐഎസ്‌ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് കണ്ടെത്തല്‍.



