ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നബിദിനാഘോഷത്തിനിടെയാണ് രണ്ട് പള്ളികളിലായി ചാവേറാക്രമണം ഉണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു സ്ഫോടനം.
ബലൂചിസ്ഥാനിലെ മദീന പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് സൂപ്രണ്ടിന്റെ വാഹനം പള്ളിമുറ്റത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇതിനടുത്തെത്തിയാണ് ചാവേർ പൊട്ടിത്തെറിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഖൈബർ പക്ത്വായിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു.
പാക്- അഫ്ഗാൻ- ഇറാൻ അതിർത്തിയിലുള്ള ബലൂചിസ്ഥാൻ നിരന്തരം തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ്. പാക് സർക്കാരിനെതിരായ പ്രതിഷേധം ശക്തമായി നിലനിൽക്കുന്ന ഒരു പ്രവിശ്യ കൂടിയാണ് ഇത്. അതേസമയം, സ്ഫോടനത്തിന് ഉത്തരവാദികൾ തങ്ങളല്ലെന്ന് തെഹ്രി കെ താലിബാൻ അറിയിച്ചിട്ടുണ്ട്.